എന്റെ മുഖം വികൃതമെന്നു തോന്നുമ്പോള്‍
ആ പഴയ കണ്ണാടിയില്‍ ഞാന്‍ നോക്കാറുണ്ട്-
നിന്റെ സ്പര്‍ശം ഉള്ളത്.
ഞാനൊന്നു നോക്കാതെ, അവഗണിക്കപ്പെട്ട്
ഒരു മൂലയില്‍ അത് കിടന്നിരുന്നു,
കാലങ്ങളോളം.
നീയാണതില്‍ നിറഞ്ഞ പൊടിയില്‍,
എന്റെ മുഖത്തോളം വലുതാ-
യൊരു മന്ദഹാസം വരച്ചത്.
ആ മന്ദഹാസത്തിന് വേണ്ടി,
ഞാനതിനെ സ്വന്തമാക്കുകയുണ്ടായി.
ശേഷം, ആ കണ്ണാടിയെ ഞാന്‍ അവഗണിച്ചില്ല.
കണ്ണാടിയിലെ ചിത്രത്തില്‍,
എന്റെയധരങ്ങളുടെ വടിവുകള്‍ വ്യക്തമാണ്.
നിന്റെ കൈപ്പാടുകളും അങ്ങിങ്ങായുണ്ട്.
എന്റെ കൊച്ചുദുഃഖങ്ങളില്പ്പോലും
നീ വരച്ചയെന്റെ മന്ദഹാസമാണ്
പിന്നീടെന്നെയാശ്വസിപ്പിച്ചത്.
കണ്ണാടിച്ചിത്രം നിന്റെയാജ്ഞയായെടുത്ത്,
അതോളം വലുതായി, അത്രയും ഭംഗിയാ-
യൊന്നു ചിരിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
പൊടികൊണ്ടും നീ വരച്ച ഒരു മന്ദഹാസം
എന്റെ ജീവിതത്തിലെ പൊടിപടലങ്ങളെ
തൂത്തെടുത്തതായ് തോന്നി.
നിന്റെ കരവിരുതിലൂടെയാണ്
എന്റെ പുഞ്ചിരിയിലെ സൌന്ദര്യം
ഞാന്‍ തിരിച്ചറിഞ്ഞത്.
നിന്റെ വിരല്‍പ്പാടുകളുടെ മാന്ത്രികസാന്നിധ്യത്തെ
ഞാന്‍ പ്രണയിച്ചു പോയത് അന്നാണ്.