Facebook Malayalam Poems My malayalam poems Poems

നോവുന്നുണ്ടോ എന്നോ?

May 5, 2016

നോവുന്നുണ്ടോ എന്നോ?
ഉണ്ട്‌.

ചുറ്റുമുള്ള വായു എനിയ്ക്കായ്‌
ശ്വാസത്തെ ഉത്പാദിപ്പിക്കുമ്പോൾ
കൈപ്പിഴ വന്ന്,
അത്‌ പാതി ശ്വാസവും
പാതി നീയുമാകുമ്പോൾ
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

നിനക്കിഷ്ടമുള്ളത്‌ കാണുമ്പോൾ,
ഇഷ്ടമില്ലാത്തത്‌ കാണുമ്പോൾ,
അത്‌ ചൂണ്ടിക്കാട്ടുവാൻ
ഒരു കയ്യകലെ
നീയില്ലെന്നോർക്കുമ്പോൾ,
ലോകം തന്നെ രണ്ടായി പിളർന്ന്
നിനക്കിഷ്ടമുള്ളതും
അല്ലാത്തതും മാത്രമായി തീരുമ്പോൾ,
എനിയ്ക്ക്‌‌ നോവുന്നുണ്ട്‌‌.

‘ഒരു മൂടൽ പോലെ‌’ എന്നു തുടങ്ങി
പെരുമഴയാണെന്നത്‌ വരെയുള്ള
നമ്മുടെ കൊച്ചു നീളൻ വിശേഷങ്ങൾ
ആകാശത്തെളിമയില്ലാത്ത
ഈ നിമിഷത്തിലുമോർക്കുമ്പോൾ
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

നിന്റെ അസ്സാന്നിധ്യം യാഥാർത്ഥ്യമെന്നും
നിന്റെ സാന്നിധ്യം സ്വപ്നമെന്നും
തിരിച്ചറിവുണ്ടായി ഞെട്ടുമ്പോൾ
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

ആരുടെ പേര്‌ വിളിക്കപ്പെട്ടാലും
അതു നിന്റെ നാമമെന്നു തോന്നി
ദ്രുതമായ്‌ തിരിഞ്ഞുനോക്കി
അത്‌ നീയല്ലെന്നറിയുമ്പോൾ
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

എന്റെ ദിനങ്ങളിന്ന്
നിനക്കപരിചിതമെന്നോർക്കുമ്പോൾ
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

നിന്റെ പഴയ സന്ദേശങ്ങളിലൊക്കെയും
നിന്റെ മുഖമിന്ന് എന്റെ കണ്ണീരിൽ
തളം കെട്ടി നിന്ന്
അതിന്നോളങ്ങളിൽ ചാഞ്ചാടുമ്പോൾ‌
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

നീയറിയാത്ത എന്റെ സന്തോഷങ്ങളിൽ
ഒന്ന് വിളിച്ചുണർത്താനാവാതെ
എന്റെ പുഞ്ചിരികൾ തണുത്തുറഞ്ഞിരിക്കുമ്പോൾ
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

നിന്റെ അസ്സാന്നിധ്യമെന്ന ദുഃഖത്തിൽ,
തുടച്ചുനീക്കാൻ നിന്റെ കൈകളില്ലെന്ന്
കണ്ണുകൾ പരസ്പരം രഹസ്യം പറഞ്ഞ്‌
കണ്ണീർ തരാതെ തുറിക്കുമ്പോൾ,
ഭാരമൊഴുക്കാനാവാതെ
ഞെരമ്പുകൾ പിടയുമ്പോൾ,
ഹൃദയം വിങ്ങുമ്പോൾ,
നീ തിരിച്ചെത്തുന്ന സമയം നീട്ടി
മണിക്കൂർസൂചികൾ ഉറങ്ങുമ്പോൾ
ഘടികാരം തന്നെ ഇഴയുമ്പോൾ,
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

ഒടുക്കം,
കാലം തെറ്റിയ മഴയിൽ
അനുഭവം പോലും തെറ്റി
മരവിച്ചു പൊള്ളുമ്പോൾ
എനിയ്ക്ക്‌ നോവുന്നുണ്ട്‌.

Facebook comments:

Leave a Reply