Facebook Malayalam Poems My malayalam poems Poems

നീയെവിടെ?

April 28, 2016

ഞാൻ ചിരിക്കുമ്പോൾ
ഓരത്ത്‌ നീയുണ്ടാകണം.
സന്തോഷാശ്രുക്കൾ കൊണ്ട്‌
എന്റെ കണ്ണുകൾ
കവിൾത്തടങ്ങളെ നനയ്ക്കുമ്പോൾ
അതിൽ കൈത്തലം ചേർത്ത്‌
എന്നെ നോക്കി നീ കൺചിമ്മണം.
പങ്കുവയ്ക്കാൻ നീയില്ലെങ്കിൽ,
എന്റെ ചെറുപുഞ്ചിരികൾ
പൂമ്പാറ്റകളാകാത്ത പുഴുക്കളായി,
ഒരു ശാപമെന്ന പോലെ,
പാതിയിൽ മരിയ്ക്കുന്നതായ്‌
ഞാനറിയുന്നു.
വിടർന്നു ചിരിക്കാനാകാതെ
എന്റെ ചുണ്ടുകൾ വിറയ്ക്കുന്നു.
കൊടുംവേനൽ ബാധിച്ച്‌,
വികാരതീവ്രതകളില്ലാതെ,
കണ്ണുകൾ വറ്റുന്നു.
നീയെവിടെ?

ഓളങ്ങളും ഒഴുക്കുകളും ചേർന്ന്
നദികൾ കടലിലെത്തുന്നത്‌
നീ കണ്ടിട്ടുണ്ടോ?
എത്തിയണയാൻ സാഗരങ്ങളില്ലെങ്കിൽ
ഈ നദികൾ എങ്ങനെയാകുമെന്ന്
നീയോർത്തിട്ടുണ്ടോ?
ഓളങ്ങൾ ഉണ്ടാകില്ല.
ജലം നിശ്ചലമാകും.
പിന്നെ, ആ നിശ്ചലതയിലെവിടെയോ
അതിന്റെ സ്വപ്നങ്ങളിലെ ഓളങ്ങൾ
മരവിച്ചു മരിയ്ക്കും.

ഞാൻ ആ നദിയാണ്‌.
എന്റെ വികാരങ്ങളുടെ
ഓളങ്ങളും ഒഴുക്കുകളും
നീയെന്ന സാഗരത്തിലെത്താൻ
ഞാൻ കൊതിയ്ക്കുമ്പോൾ,
നീയെവിടെ?

ഇന്ന്,
എനിയ്ക്ക്‌ ചെറുപുഞ്ചിരികൾ ഉണ്ടായിരുന്നു.
കണ്ണു നനച്ച്‌, നിറച്ച്‌,
കവിൾത്തടങ്ങളിലൂടൊഴുകാൻ
ഒരു സന്തോഷം കാത്തിരുന്നു.
പിന്നെ,
നിന്നിൽ ലയിച്ച്‌‌‌
പൂർണ്ണമാകാനാകാതെ,
അത്‌ പരിഭവിച്ചു നിന്നു.

തൊട്ടരികിലെ
നിന്റെ അസ്സാന്നിധ്യത്തിലേയ്ക്ക്‌
ഞാൻ തുറിച്ചു നോക്കി.
അതിനെ,
നിന്റെ സാന്നിധ്യമാക്കുന്ന മന്ത്രം
ഞാൻ പഠിച്ചിട്ടില്ലെന്നോർത്തു.
പക്ഷെ അവിടെയിരുന്ന്,
കൈകൾ തറയിലൂടെ
ഒന്നു നീക്കി.
നിന്റെ കൈയുടെ അളവിന്‌‌
ഒരു ശൂന്യത കൊടുത്ത്‌
നിലത്ത്‌ നിന്നുയർന്നു നിന്നു
എന്റെ കൈത്തലം.

ശേഷം,
അകലെയുള്ള സാഗരത്തിന്റെ
തിരമാലശബ്ദം
ഹൃദയം കാതുകൾക്ക്‌ കൈമാറി.

Facebook comments:

Leave a Reply