Facebook Malayalam Poems My malayalam poems

തെറ്റ്

June 6, 2014

നീ അരികിലില്ലാത്ത ജൂണില്‍
എനിക്ക് മുന്നില്‍
കാലവര്‍ഷം പെയ്യുന്നു.
തെറ്റ്.

ഈ ജൂണിലെ ആദ്യമഴയില്‍
നീ നട്ടുവളര്‍ത്തിയ റോസാച്ചെടിയില്‍
ആദ്യ പുഷ്പം ഒളിഞ്ഞുനോക്കുന്നു.
തെറ്റ്.

ഒരിക്കല്‍ വേനല്‍മഴയില്‍
നമ്മെ നനയാതെ കാത്ത വൃക്ഷം
നാമില്ലാതെയും കുടപിടിക്കുന്നു.
തെറ്റ്.

തുള്ളികള്‍ തെറിച്ചെന്‍റെ മുഖത്തു പതിച്ച്,
നീയുണ്ടായിരുന്ന വേനല്‍മഴയുടെ
തണുപ്പിനെ പുനര്‍ജ്ജനിപ്പിക്കുന്നു.
തെറ്റ്.

മഴയ്ക്കു വഴിതെറ്റുന്നു;
സമയവും.

നീ വരിക.
എന്‍റെ ദേഹത്ത് നിഴല്‍ പതിച്ച്
നിന്‍റെ വരവുണ്ടാകും വരെ,
എന്‍റെ മനസ്സിനെ നനയ്ക്കാന്‍
തുള്ളികള്‍ മതിയാകാതെ
കാലവര്‍ഷം ദാഹിക്കട്ടെ!

Facebook comments:

Leave a Reply