Magazine articles My Best 5 My malayalam prose

അരാഷ്ട്രീയരാഷ്ട്രീയം

January 25, 2014

ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന്‍റെ ജനുവരി എഡിഷനില്‍ പ്രസിദ്ധീകരിച്ചു:
http://www.tharamginionline.com/articles/viewarticle/557.html

ജനങ്ങള്‍ക്കു വേണ്ടിയാണ് നാടെന്നും നാടിനു വേണ്ടിയാണ് രാഷ്ട്രീയമെന്നും ഞാന്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ട്. പഠിത്തം ഒക്കെ കഴിഞ്ഞ് ആ പറഞ്ഞ നാട്ടിലേയ്ക്ക് ശരിയ്ക്കും ഇറങ്ങിയപ്പോഴാണ് പാഠപുസ്തകങ്ങള്‍ വെറുതെ പഠിക്കുവാന്‍ മാത്രമാണെന്ന് അറിഞ്ഞത്. അതിനുള്ളിലെ എല്ലാ സിദ്ധാന്തങ്ങളും “അങ്ങനെ ഒക്കെ ആവണം എന്നാ…” എന്നൊരു ശൈലിയിലാണ് നിലകൊള്ളുന്നതാണെന്ന്‍ മനസ്സിലായത്‌. മുന്നില്‍ കാണുന്ന രാഷ്ട്രീയം സത്യത്തില്‍ സിദ്ധാന്തങ്ങള്‍ പ്രകാരം നോക്കുമ്പോള്‍ ‘അരാഷ്ട്രീയം’ ആണെന്ന് മനസ്സിലാവുകയും ചെയ്തു. അപ്പോള്‍ അങ്ങനെയാണ് എല്ലാം. സമൂഹത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും എന്ന വ്യാജേന പഠിക്കുന്നതൊക്കെ, വെറും മാര്‍ക്കുകള്‍ക്ക് വേണ്ടി മാത്രമാണ്. അതില്‍നിന്ന് ഒന്നും പ്രാവര്‍ത്തികമാക്കാന്‍ ഇല്ല, പ്രത്യേകിച്ച് സാമൂഹിക വിഷയങ്ങള്‍.

രാഷ്ട്രീയം വ്യക്തിപരമല്ല എന്ന് അറിയാന്‍ ഇനിയും രാഷ്ട്രീയക്കാര്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി ഇരിക്കുന്നു. അല്ലെങ്കില്‍, അങ്ങനെ ഒന്ന് അവര്‍ മറന്നിട്ടില്ല എന്ന് ഇടയ്ക്കെങ്കിലും തെളിയിക്കേണ്ടി ഇരിക്കുന്നു. ഒരു വീട്ടമ്മ റോഡിലെ സഞ്ചാരസ്വാതന്ത്ര്യത്തെ തടുക്കുന്ന ‘രാഷ്ട്രീയ’ പ്രക്ഷോഭത്തെ ചോദ്യം ചെയ്തത് സഹികെട്ടാണെന്ന് സാധാരണക്കാരായി ജീവിയ്ക്കുന്നവര്‍ക്കേ മനസ്സിലാവൂ. മറ്റുള്ളവര്‍ക്ക് അത് വളച്ചൊടിച്ചു സ്വന്തം നേട്ടത്തിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു അപ്രതീക്ഷിത തുറുപ്പുചീട്ടാണ്- മാധ്യമങ്ങള്‍ക്കും രാഷ്ട്രീയകൂട്ടങ്ങള്‍ക്കും.

ഒരു മന്ത്രിയ്ക്ക് കടന്നു പോകാന്‍ ദേശീയപാത അത്രയും തുറന്നു കൊടുക്കുമ്പോള്‍, ആ ഒരാള്‍ക്ക്‌വേണ്ടി എത്രയോ പേരുടെ തിരക്കുകളാണ് പൊരിവെയിലില്‍ വെന്തെരിയുന്നത് എന്ന് രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാവുന്ന കാര്യമേ അല്ല. ഈ അടുത്തെവിടെയോ ഒരു സാധാരണക്കാരന്റെ അഭിപ്രായമായി വായിച്ചിരുന്നു വിദേശ രാജ്യങ്ങളില്‍ഒന്നും ഈ ഏര്‍പ്പാട് പോലുമില്ല എന്ന്. നമ്മുടെ പ്രധാനമന്ത്രി മറ്റു രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തുമ്പോള്‍ റോഡ്‌ മുഴുവനായി അടച്ച് പാത ഒരുക്കുന്ന പതിവില്ല. പകരം ചാള്‍സ് രാജകുമാരന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ എത്രയോ കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങളെ തടഞ്ഞ് വഴിയൊരുക്കിയിരുന്നു. പല ഇടങ്ങളിലും റോഡ്‌ നന്നാക്കുകയും ചെയ്തു. ചാള്‍സ് രാജകുമാരന്‍ ‘കേരളം’ എന്താണെന്നത് കാണാതെ മടങ്ങി എന്നര്‍ത്ഥം. സത്യത്തില്‍ നമ്മുടെ നിയമങ്ങളും നമ്മുടെ രാഷ്ട്രീയവും നമ്മുടെ പോലീസും ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ അതോ മുതിര്‍ന്ന തലകള്‍ക്കു വേണ്ടി മാത്രണോ നിലകൊള്ളുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

നാട് ഭരിയ്ക്കുന്നവര്‍ എസി കാറുകളില്‍, സര്‍ക്കാര്‍ അനുവദിച്ച ഡ്രൈവര്‍മാരുടെ കൂടെ, സര്‍ക്കാര്‍ ചിലവില്‍ അടിച്ച ഇന്ധനത്തില്‍ഓടുകയും, അവര്‍ക്ക് വേണ്ടി ഒരു ട്രാഫിക്‌ തടസ്സമില്ലാതെ വഴി തുറന്നു കിടക്കുകയും ചെയ്യും. അവരുടെ ചിലവുകള്‍ സര്‍ക്കാര്‍വകയാണ്, വീട്ടിലെ അടുക്കളയില്‍ ഗ്യാസ്‌ വരുന്നതും കാത്തിരിക്കേണ്ട ഗതികേട് അവര്‍ക്ക് വരുന്നില്ല. പുറത്തിറങ്ങി പച്ചക്കറികള്‍ക്കു വിലക്കൂടുമ്പോള്‍ നെഞ്ചിടിക്കേണ്ട കഷ്ടപ്പാടില്ല അവര്‍ക്ക്. മാസാവസാനം വരവും ചിലവും കണക്കുകളായി കൂട്ടിച്ചേര്‍ത്ത് ശ്രദ്ധയോടെ ജീവിക്കേണ്ട ആവശ്യവുമില്ല. വിലക്കയറ്റം പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഞെട്ടേണ്ട ആവശ്യവുമില്ല. പോരാഞ്ഞ്, സര്‍ക്കാര്‍വക പല പേരുകളില്‍ അലവന്‍സുകളും ഉണ്ട് താനും. അങ്ങനെ ഇരിക്കെയാണ് ‘സാധാരണക്കാരുടെ’ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്തരക്കാര്‍ വട്ടമേശ സമ്മേളനം കൂടുന്നതും അഭിപ്രായം പറയുന്നതും, തോന്നും പോലെ ഉപരോധങ്ങള്‍ മുതല്‍ ബന്ദുകള്‍ ഉണ്ടാക്കുന്നതും. ആ ബന്ദുകള്‍ ബാധിക്കുന്നതാകട്ടെ, വീണ്ടും സാധാരണക്കാരെ മാത്രം.

ജനപ്രതിനിധികള്‍, പറ്റുമെങ്കില്‍ ഒരു തവണ ശരിയ്ക്കും ജനങ്ങളുടെ പ്രതിനിധിയായി അവരെപ്പോലെ ജീവിച്ചു നോക്കണം, ഒരു മാസം എങ്കിലും. അപ്പോള്‍ മാത്രമേ ജനങ്ങളുടെ ഉയരുന്ന രക്തസമ്മര്‍ദ്ദവും നെഞ്ചിടിപ്പും ഒക്കെ അനുഭവിക്കാനാവൂ. എന്നാല്‍ മാത്രമേ അവര്‍ ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ അവര്‍ക്ക് യോഗ്യത ലഭിക്കൂ എന്ന് എനിയ്ക്ക് തോന്നാറുണ്ട്. അത് വരെ, പൊട്ടക്കണ്ണന്‍ മാവില്‍ എറിയുന്നത് പോലെയാണ് ഓരോ രാഷ്ട്രീയപ്രസംഗവും, ഓരോ വട്ടമേശസമ്മേളനവും.

പാഠപുസ്തകങ്ങള്‍- പ്രത്യേകിച്ചും സാമൂഹികവിഷയങ്ങളുടെ- കത്തിച്ചു കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം അതിനാല്‍ പറഞ്ഞു കൊണ്ട് ഈ ലേഖനം ഞാന്‍ അവസാനിപ്പിക്കുന്നു.